ഉരുള്‍പൊട്ടല്‍ ഭീഷണിയെ അതിജീവിച്ച മക്കിമല ഗവ. എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. സ്‌കൂള്‍ കെട്ടിടത്തിനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 15 ലക്ഷമടക്കം 60 ലക്ഷം രൂപ ചെലവഴിച്ചാണ് അഞ്ചു ക്ലാസ് മുറികളുള്ള കെട്ടിടം ജില്ലാ നിര്‍മിതികേന്ദ്രം നിര്‍മിക്കുന്നത്. തറക്കല്ലിടല്‍ കര്‍മ്മം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ അനിഷ സുരേന്ദ്രന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു.
സ്‌കൂളിനു സമീപം ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നു നിലവിലെ കെട്ടിടം പഠനയോഗ്യമല്ലെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നു ജില്ലാ ഭരണകൂടത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ 48 മണിക്കൂര്‍ കൊണ്ട് താല്‍ക്കാലിക പഠന സൗകര്യമൊരുക്കി സ്‌കൂള്‍ പ്രവര്‍ത്തന ക്ഷമമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മഹാപ്രളയത്തിലാണ് തലപ്പുഴ ഗ്രാമപഞ്ചായത്തിലെ മക്കിമലയിലടക്കം ഉരുള്‍പൊട്ടിയത്. രണ്ടു മനുഷ്യ ജീവനുകള്‍ പ്രദേശത്ത് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ഷൈമ മുരളീധരന്‍, ബ്ലോക്ക് അംഗം തങ്കമ്മ യേശുദാസ്, വാര്‍ഡ് അംഗം വിജയലക്ഷ്മി, ടി.കെ ഗോപി, പ്രധാനാദ്ധ്യപിക റോസിലി ജോസഫ്, നിര്‍മിതി സൈറ്റ് എന്‍ജിനീയര്‍ ടി.ജെ അജിസണ്‍, വി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
