കളമശ്ശേരി നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി മൂലേപ്പാടം ബൈലൈൻ റോഡിന്റെയും പുതുക്കിപ്പണിത കലുങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ വിവിധ മേഖലകളിൽ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി അമൃത് കുടിവെള്ള പദ്ധതി ഉൾപ്പെടെ 267 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. വി.പി. മരയ്ക്കാർ റോഡിൽ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ഒന്നേകാൽ കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി നഗരസഭ ബസ് സ്റ്റാൻഡിൽ നിന്നും നഗരത്തിന്റെ വിവിധ ഇടങ്ങളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നതിനുള്ള സാധ്യത കെഎസ്ആർടിസിയുമായി ചർച്ച ചെയ്യും. എച്ച്.എം.ടി ജംഗ്ഷൻ വികസനത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പദ്ധതി വേഗത്തിൽ നടപ്പാക്കും എന്നും മന്ത്രി പറഞ്ഞു.

മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവിഷ്കരിച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡും കലുങ്കും നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റിയും രണ്ട് കൾവെർട്ടുകളും റെയിൽവേ ഒരു കൽവെർട്ടും നിർമ്മിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുമുള്ള നടപടികൾ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ചേർന്ന് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.കെ നിഷാദ്, കെ.എച്ച്. സുബൈർ, വാർഡ് കൗൺസിലർ നെഷിദ സലാം, റഫീഖ് മരക്കാർ, കെ.കെ ശശി, സലിം പതുവന, ബിന്ദു മനോഹരൻ, ബഷീർ ഐ എംബ്രാത്ത്, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.