തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വത്തിൽ 2024 ലോക് സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

ഫസ്റ്റ് ലെവൽ ചെക്കിങ് (എഫ്എൽസി) വർക്ക്ഷോപ്പായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎഎസ് നിർവഹിച്ചു. പീച്ചി കെ എഫ് ആർ ഐ യിൽ നടന്ന ശില്പശാലയിൽ കേരളത്തിലെയും ലക്ഷദ്വീപിലെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവരാണ് ശില്പശാലയുടെ ഭാഗമായത്.

കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നയിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, മാർഗ്ഗ നിർദ്ദേശങ്ങൾ തുടങ്ങിയവ ബോധവൽക്കരണ ശിൽപ്പശാലയിൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും പൂർണപിന്തുണ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

ലക്ഷദ്വീപ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിക്രാന്ത് രാജ ഐഎഎസ്, ഇലക്ഷൻ കമ്മീഷൻ ഡയറക്ടർ സുന്ദർരാജൻ ഐഎഎസ്, എഫ്എൽസി വർക്ക്ഷോപ്പ് ഓഫീസർ സുനന്ദ റായി, ഡോ.ആർ ഗിരിശങ്കർ ഐഎഎസ്, ഭാരത് ഇലക്ട്രോണിക്സ് ഡിജിഎം ശ്രീധർ തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.