വെള്ളത്തൂവല്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നോര്‍ത്ത് ശല്യാംപാറ-സൗത്ത് ശല്യാംപാറ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. ചെങ്കുളം, ശല്യാംപാറ, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് റോഡ്. മൂന്നുകോടി രൂപ ചെലവില്‍ എട്ട് മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം.

ഓട, സംരക്ഷണഭിത്തി എന്നിവയുടെ നിര്‍മ്മാണം, റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തി എന്നിവയാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഇതോടനുബന്ധിച്ചുള്ള കോണ്‍ക്രീറ്റ് ജോലികള്‍ നടന്നുവരുന്നുണ്ട്. മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. പ്രദേശവാസികളുടെ ഏറെ നാളുകളുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ റോഡിനുള്ള നിര്‍മ്മാണ അനുമതി ലഭിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. സമീപഭാവിയില്‍തന്നെ റൂട്ടില്‍ ബസ് സര്‍വ്വീസ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. വിനോദസഞ്ചാരമേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായും ഈ റോഡ് മാറും. ഇതുവഴി വെള്ളത്തൂവല്‍ പഞ്ചായത്തിലെ പ്രാദേശിക വിനോദസഞ്ചാര മേഖലകളിലേക്കും കൂടുതല്‍ ആളുകളെത്തും.

കാര്‍ഷിക മേഖലയെ പ്രധാനമായി ആശ്രയിക്കുന്ന പ്രദേശവാസികളിലേറെപേരും ദൈനംദിനകാര്യങ്ങള്‍ക്കും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കും പ്രധാനമായി ആശ്രയിക്കുന്നത് വെള്ളത്തൂവല്‍, അടിമാലി, ആനച്ചാല്‍ പ്രദേശങ്ങളെയാണ്. ബസ് സര്‍വീസ് കൂടി ആരംഭിച്ചാല്‍ ഈ പ്രദേശങ്ങളിലേക്ക് കുറഞ്ഞ ചിലവില്‍ എത്താന്‍ ശല്യാംപാറ നിവാസികള്‍ക്ക് കഴിയും