നവ കേരളം കര്‍മ്മപദ്ധതിയുടെ കീഴില്‍ വരുന്ന വിവിധ മിഷനുകളുടെ പ്രവര്‍ത്തനത്തെ ഏകോപിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ബിനുമോള്‍.

ജില്ലാതലത്തിന് പുറമെ താഴേത്തട്ടിലേക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുവാനും നടപ്പിലാക്കാനും സാധിക്കണം. മാലിന്യമുക്തം നവകേരളം ക്യാമ്പെയ്നിന്റെ ഭാഗമായുള്ള മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. വിദ്യകിരണം മിഷനില്‍ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ ഉടന്‍ തുറന്നു കൊടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ നവകേരളം കര്‍മ്മപദ്ധതിയുടെ ജില്ലാ മിഷന്‍ അംഗവും എം.എല്‍.എയുമായ കെ.ഡി. പ്രസേനന്‍, ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര, നവകേരളം കര്‍മ്മപദ്ധതി 2 ജില്ലാ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശുഭ, ജില്ലാ പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.സെലിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.