പത്ത് വർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം എം എൽ എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഇ കെ നായനാർ ഇൻഡോർ സ്റ്റേഡിയവും കച്ചേരി മെട്ടസ്റ്റേഡിയം, ക്ലോക്ക് റൂം കോപ്ലക്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട കായിക സംസ്കാരം ഉണ്ടാവണമെങ്കിൽ മെച്ചപ്പെട്ട കായിക സാക്ഷരത വേണ്ടതുണ്ട്. അടിസ്ഥാന കായിക വിദ്യാഭ്യാസം നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങളിൽ എത്തിച്ച് കൊണ്ട് കായിക സംസ്കാരം രൂപപ്പെടുത്താൻ കഴിയും.മുഖ്യമന്ത്രി പറഞ്ഞു. ഏവർക്കും ആരോഗ്യം എന്ന ആശയത്തിൽ ഊന്നി ഒരു കായിക നയം സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാൻ അടിസ്ഥാന കായിക സൗകര്യങ്ങൾ വികസിക്കണം. ഇതിന് 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും.

ഇതിൻ്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ തലത്തിൽ സ്പോർട്സ് കൗൺസിൽ രൂപീകരിച്ചത്. കായിക സാക്ഷരത നേടുകയെന്നത് ശ്രമകരമായ പ്രവർത്തനമാണ് ഇതിന് കായിക താരങ്ങൾ, പരിശീലകർ, മാധ്യമങ്ങൾ തുടങ്ങി സർവ്വരുടെയും പിന്തുണ വേണം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി ഫുട്ബോൾ ടീം ക്യാപ്റ്റനും സ്ഥലവാസിയുമായ മിഥുനെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ കെ കെ ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.