ആരോഗ്യരംഗത്ത് കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് കൂടുതൽ തസ്തികകൾ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ചവറ ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സർക്കാർ ആശുപത്രികൾ വിദേശികളെ പോലും ആകർഷിക്കുന്ന നിലവാരത്തിലാണ്. അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാരിന്റെ പ്രധാന നേട്ടം. എല്ലാ മേഖലയിലും കേരളത്തിന് പുരോഗതിയാണ്. നീതി അയോഗിന്റെ റിപ്പോർട്ടുകൾ ഇത് ശരി വെക്കുന്നു. ജാതി -മത വിത്യാസമില്ലാതെയുള്ള കേരളത്തിലെ സൗഹാർദ്ദ അന്തരീക്ഷം രാജ്യത്തിന് മാതൃകയാണ്. ഈ അന്തരീക്ഷമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഡോ. സുജിത് വിജയൻ പിള്ള എം എൽ എയുടെ 2021-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട്കൂടിയ കെട്ടിടം നിർമ്മിച്ചത്. ചവറ കെഎംഎംഎല്ലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവിൽ പഞ്ചകർമ ചികിത്സയ്ക്കായി പ്രത്യേക കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്.

ഡോ. സുജിത് വിജയൻ പിള്ള എം എൽ എ അധ്യക്ഷനായി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ആർ സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, വൈസ് പ്രസിഡന്റ് സോഫിയ സലാം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി സുധീഷ്കുമാർ, എസ് സോമൻ, ചവറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ റഷീദ്, എസ് ലതികാ രാജൻ, ആർ ആൻസി, കെഎംഎംഎൽ എം.ഡി ജെ ചന്ദ്രബോസ്, ഭാരതീയ ചികിത്സവകുപ്പ് ജില്ലാ ഓഫിസർ ഡോ അസുന്താ മേരി തുടങ്ങിയവർ പങ്കെടുത്തു.