കാലാവസ്ഥാ പ്രതിരോധവും ഊര്‍ജ കാര്യക്ഷമതയും മെച്ചപ്പെടുത്തുണമെന്ന വിലയിരുത്തലുമായി സെമിനാര്‍. കാലാവസ്ഥ അതിജീവനശേഷിയും ഊര്‍ജകാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍ എന്ന വിഷയത്തിലായിരുന്നു ജില്ലാ പഞ്ചായത്തില്‍ നടന്ന ഏകദിന ശില്പശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം വെല്ലുവിളി തീര്‍ക്കുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ പ്രാദേശികതലത്തില്‍ നിന്ന് പ്രതിരോധം തീര്‍ക്കാനാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ജില്ലയില്‍ മഴയുടെ അളവിലുണ്ടായ കുറവ് ആശങ്കയ്ക്കിടയാക്കുന്നവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇതര ജില്ലകള്‍ നടപ്പാക്കുന്ന വിജയകരമായ ഉദാഹരണങ്ങളും ചര്‍ച്ച ചെയ്തു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ ജെ സുനില്‍ അധ്യക്ഷനായി. ഊര്‍ജ സാങ്കേതിക വിദഗ്ദന്‍ തോംസണ്‍ സെബാസ്റ്റ്യന്‍, കാര്‍ഷിക-പരിസ്ഥിതി വിദഗ്ധയായ ഉഷാ ശൂലപാണി, ഇക്വിനോക്റ്റ് സിഇഒയും ഹൈഡ്രോക്ലൈമറ്റോളജിസ്റ്റുമായ സി ജി മധുസൂദനന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കൃഷി-കര്‍ഷക ക്ഷേമ വകുപ്പ്, അസര്‍ ഇക്വിനോക്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ശില്പശാല.