പഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി വികസന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ് കർഷകർക്ക് ആവശ്യമായ പച്ചക്കറി തൈകൾ വിതരണം ചെയ്തു. അത്യുല്പാദനശേഷിയുള്ള വെണ്ട, വഴുതന, ചീര, മുളക് തുടങ്ങിയ പച്ചക്കറി തൈകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

ആദ്യഘട്ടത്തിൽ 10,000 പച്ചക്കറി തൈകളാണ് ഇത്തരത്തിൽ പഞ്ചായത്തിലുടനീളം കൃഷിവകുപ്പ് വഴി സൗജന്യമായി വിതരണം ചെയ്തിരിക്കുന്നത്. ഇനി അടുത്തഘട്ടമായി 5000 തൈകൾ കൂടി ലഭ്യമാക്കും. കർഷകരുടെ ആവശ്യം എന്താണോ അത് പരിഗണിച്ചാണ് കൃഷിക്ക് ആവശ്യമായ തൈകൾ നൽകുന്നത്.

പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും പച്ചക്കറി കൃഷി വ്യാപിപ്പിക്കുക, ഇതുവഴി പരമാവധി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൂടിയുണ്ട് പഞ്ചായത്തിന്. കേവലം തൈകൾ വിതരണം ചെയ്യുന്നതിന് പുറമെ അവയുടെ പരിചരണത്തിന് ആവശ്യമായ സഹായങ്ങളും ഉറപ്പാക്കും. മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് അംഗീകാരം എന്ന നിലയിൽ പഞ്ചായത്ത് അവാർഡ് നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.