60 വയസ്സ് കഴിഞ്ഞ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവ് മൂന്നാം വര്‍ഷത്തിലേക്ക്. നിലവില്‍ അറുപതോളം ക്യാമ്പുകളിലായി 3600 ഓളം രോഗികള്‍ക്ക് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ സേവനം ലഭ്യമാകുന്നുണ്ട്. ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, കോര്‍ഡിനേറ്റര്‍ അടങ്ങുന്ന സംഘമാണ് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത അങ്കണവാടികളും ഹെല്‍ത്ത് സെന്ററുകളും ഹാളുകളും കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്ന ആതുരാലയം പ്രവര്‍ത്തിക്കുന്നത്.

2021 ഓഗസ്റ്റ് 21 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എടവക, തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടാര്‍നാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥലങ്ങളെ 13 ഡിവിഷനുകളാക്കി തിരിക്കുകയും ഓരോ ദിവസം തെരഞ്ഞെടുത്ത ഡിവിഷനുകളില്‍ കനിവിന്റെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഒരു വര്‍ഷം 50 ലക്ഷം രൂപ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ട്.

ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം വയോജനങ്ങളും സഞ്ചരിക്കുന്ന ആതുരാലയത്തെ തേടിയെത്തുന്നത്. ഡോക്ടറുടെ പരിശോധനക്ക് ശേഷം രോഗികള്‍ക്ക് മരുന്നുകളും അവിടെ വെച്ച് തന്നെ നല്‍കുന്നു എന്നുള്ളത് സഞ്ചരിക്കുന്ന ആതുരാലയത്തെ വേറിട്ടു നിര്‍ത്തുന്നു. ചികിത്സക്കായി ആശുപത്രികളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള വയോജനങ്ങള്‍ക്ക് കൈത്താങ്ങാകുന്ന സഞ്ചരിക്കുന്ന ആതുരാലയത്തിന് നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വയോജനങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ വയോസേവന പുരസ്കാവും സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതായിരുന്നു അവാര്‍ഡ്.