രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ ആദ്യ സര്‍വേ പേരോല്‍ വില്ലേജില്‍

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. രണ്ടാംഘട്ട ഡിജിറ്റല്‍ സര്‍വേ നീലേശ്വരം നഗരസഭയിലെ പേരോല്‍ വില്ലേജിലാണ് തുടങ്ങിയത്. സംസ്ഥാനത്ത് രണ്ടാംഘട്ട സര്‍വേ നടപടികള്‍ ആരംഭിക്കുന്ന ആദ്യ വില്ലേജാണ് പേരോല്‍. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റല്‍ സര്‍വേയിലൂടെ വില്ലേജ് പരിധിയിലെ സര്‍ക്കാര്‍ സ്വകാര്യ ഭൂമി അളന്ന് തിട്ടപ്പെടുത്തും. സര്‍വേ നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ക്ക് സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്താനാവും.

ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

രണ്ടാം ഘട്ട സര്‍വേയുടെ ഉദ്ഘാടനം പേരോല്‍ വില്ലേജിലെ ചിറപ്പുറത്ത് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍വഹിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, നീലേശ്വരം നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ ടി.പി ലത, പി. ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ കെ.വി ശശികുമാര്‍ , കെ ജയശ്രീ, കെ മോഹനന്‍ , വി.വി സതി , സര്‍വെ സൂപ്രണ്ട് കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. റീസര്‍വെ അസിസ്റ്റന്റ് സയറക്ടര്‍ ആസിഫ് അലിയാര്‍ സ്വാഗതവും ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.പി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ 18 വില്ലേജുകള്‍

രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് 200 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്. ജില്ലയില്‍ 18 വില്ലേജുകളെയാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ നീലേശ്വരം നഗരസഭയിലെ പേരോല്‍ , ഉദുമ പഞ്ചായത്തിലെ ബാര, മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ വില്ലേജുകളില്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിനാണ് ജില്ലയില്‍ ആദ്യഘട്ട ഡിജിറ്റല്‍ സര്‍വേയ്ക്ക് തുടക്കമിട്ടത്. 18 വില്ലേജുകളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്.

കാസര്‍കോട് , മഞ്ചേശ്വരം താലൂക്കുകളിലെ മുട്ടത്തൊടി , തളങ്കര, കളനാട്, അടുക്കത്ത്ബയല്‍, ചെമ്മനാട്, കാസര്‍കോട്, ചെങ്കള, ബഡാജെ, ആരിക്കാടി, ഷിറിയ, ബൊംബ്രാണ, , ഹൊസബെട്ടു, ബങ്കര മഞ്ചേശ്വര്‍, കടമ്പാര്‍, കുളൂര്‍, മൂടംബയല്‍, മജിബയല്‍ വില്ലേജുകളില്‍ സര്‍വേ നടപടികള്‍ അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. മഞ്ചേശ്വരം താലൂക്കിലെ ഉജാര്‍-ഉള്‍വാര്‍ വില്ലേജില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറിക്കഴിഞ്ഞു. ഡിജിറ്റല്‍ സര്‍വേ ചെയ്ത ഭൂമിയുടെ വിവരങ്ങള്‍ എന്റെ ഭൂമി പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. സര്‍വേ സംബന്ധിച്ച് പരാതികള്‍ ഓണ്‍ലൈന്‍ ആയി നല്‍കാനുള്ള സൗകര്യവും ഉണ്ട്. മുപ്പത് ദിവസത്തെ സമയം അനുവദിച്ചതിന് ശേഷം സര്‍വേ വിവരങ്ങള്‍ അന്തിമമാക്കി പ്രസിദ്ധികരിച്ച് റവന്യൂ ഭരണത്തിന് കൈമാറും.

കൃത്യം…സുതാര്യം

ഡിജിറ്റല്‍ ഭൂസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിസംബന്ധമായ വിവരങ്ങള്‍ക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു. റെലിസ് (റവന്യു ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), പേള്‍ (പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലോസ്), ഇ-മാപ്സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വ്വേ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകും.

ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്ട്രേഷന്‍, സര്‍വ്വേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോര്‍ട്ടല്‍ വഴി സുതാര്യമായി ലഭ്യമാക്കും. ഭൂമി സംബന്ധിച്ച എല്ലാ പുതിയ വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാകും. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കും. പൊതുജനങ്ങള്‍ക്ക് ഒരു ആവശ്യത്തിനായി പല ഓഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാനും ഓണ്‍ലൈനായി പരിഹരിക്കപ്പെടാനും സാധിക്കും. വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാക്കാനും ഡോക്യുമെന്റേഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ നടത്താനും സാധിക്കും.