സുരക്ഷാ 2023 പദ്ധതി തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായി. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പദ്ധതി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന് എം.എല്‍.എ അനുമോദന പത്രം കൈമാറി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര ഗവണ്‍മെന്റിന്റെ സുരക്ഷാപദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ക്യാമ്പയിനാണ് സുരക്ഷ 2023.

തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍, കാട്ടിക്കുളം കേരള ഗ്രാമീണ ബാങ്ക് മാനേജര്‍ പി.ജെ സണ്ണി, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സുബ്രമണ്യന്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജിഷ, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സുബ്രമണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.