ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ആരോഗ്യ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നത തല യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ന് വൈകിട്ട് പൂനെ വൈറോളജി ലാബിൽ നിന്നും ഫലം ലഭിച്ചതിനുശേഷം മാത്രമേ നിപ വൈറസ് ആണോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 16 കോർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഇന്ന് മുതൽ കൺട്രോൾ റൂം ആരംഭിക്കും.

നിലവിൽ 75 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും ആശുപത്രി ജീവനക്കാരുമടക്കമാണിത്. സമ്പർക്ക പട്ടികയിൽ ചികിത്സ ഏറ്റവും അത്യാവശ്യമുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. ലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയും.

എല്ലാ ആശുപത്രികളിലും പകർച്ചവ്യാധി നിയന്ത്രണ പ്രകാരമുള്ള പ്രോട്ടോക്കോൾ മുൻകരുതലുകൾ എല്ലാ ആരോഗ്യ പ്രവർത്തകരും സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നത് ഉചിതമാണെന്നും മന്ത്രി പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു.

ഇന്ന് ഉച്ചക്ക് 2.30ന് കുറ്റ്യാടി റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, നാദാപുരം, കുറ്റ്യാടി എംഎൽഎമാർ, സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ സംഘം ഇത് സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യാൻ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.