മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് നിർവ്വഹിച്ചു. പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2023-24 പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖേനയാണ് ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നത്.
പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ 2023 -24 ലെ കരം അടച്ച രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ എത്തിയാൽ പച്ചക്കറി തൈകൾ ലഭ്യമാകും. ഗ്രാഫ്റ്റ് ചെയ്ത വഴുതന, തക്കാളി, മുളക് എന്നീ പച്ചക്കറി തൈകൾ സൗജന്യമായും, ജൈവ വളമായി ട്രൈക്കോഡെർമ സമ്പുഷ്‌ടീകരിച്ച മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് മിക്സ്ചർ 25 ശതമാനം ഗുണഭോക്തൃ വിഹിതം നൽകിയും വാങ്ങാവുന്നതാണ്.
പച്ചക്കറിവിളകൾ നേരിടുന്ന പ്രധാന രോഗമാണ് ബാക്ടീരിയൽ വാട്ടം. വഴുതന, തക്കാളി, മുളക് എന്നിവക്കാണ് ഈ രോഗം രൂക്ഷമായി കാണുന്നത്.
വാട്ടരോഗത്തെയും മറ്റ് പ്രശ്നങ്ങളെയും ചെറുക്കാൻ ശേഷിയുള്ള പ്രതിരോധശക്തിയുള്ള ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് മഞ്ഞള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണത്തിന് എത്തിയിരിക്കുന്നത്. മണ്ണിൽക്കൂടി പടരുന്ന രോഗങ്ങളെ ചെറുത്തുനിൽക്കാൻ പ്രതിരോധശക്തിയുള്ളതാണ് ഈ തൈകൾ.
കൃഷി ഓഫീസർ ടി എം ആരിഫ, അഗ്രോ സർവീസ് സെന്റർ ഫെസിലിറ്റേറ്റർ ഇ എം അനീഫ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അഗ്രോ സർവീസ് സെന്ററിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.