കണ്ണൂര്‍: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയോടാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധന തോന്നിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് കലക്ടര്‍ മനസ് തുറന്നത്. പരിപാടിയില്‍ കുട്ടിക്കാലത്തെ തന്റെ ആഗ്രഹങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ധോണി ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് ഉയര്‍ത്തിയത് കൊണ്ടല്ല മൈതാനത്തെ അദ്ദേഹത്തിന്റെ പെരുമാറ്റമാണ് ആരാധന തോന്നാന്‍ കാരണമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഒന്‍പതാം ക്ലാസുകാരന്‍ ഋഷിത്തിന്റെ ചോദ്യത്തിനാണ് ധോണിയോടുള്ള ആരാധന കലക്ടര്‍ വെളിപ്പെടുത്തിയത്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഐ ഐ ടിയില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പിന്നീട് ആഗ്രഹം പത്രപ്രവര്‍ത്തകന്‍ ആകണമെന്നായി എന്നും അമീറലി എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകനാകുന്നതിന് ചരിത്രം പഠിക്കാന്‍ വേണ്ടിയാണ് സിവില്‍സര്‍വീസ് കോച്ചിങ്ങിന് പോയതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഒട്ടും ആഗ്രഹമില്ലാതെയാണ് താന്‍ എഞ്ചിനിയിറിംഗ് പഠിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്മാര്‍ട്ട് ക്ലാസ്റൂം സൗകര്യം തനിക്ക് ലഭിക്കാത്തതിലുള്ള വിഷമവും അദ്ദേഹം പങ്കുവെച്ചു.
സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നട്ട്സ് (നാച്ചുറിങ് യൂണീക്ക് ടാലന്റ് ആന്റ് സ്‌കില്‍സ്) ക്ലബിലെ 67 കുട്ടികളുമായിട്ടായിരുന്നു ജില്ലാ കലക്ടറുടെ സംവാദം. വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്. രക്ഷിതാക്കളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളടക്കം വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പരിപാടികള്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ  ടി പി ദേവപ്രിയ വരച്ച ചിത്രം ചടങ്ങില്‍ കളക്ടര്‍ക്ക് കൈമാറി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഇതിനായി 100 ല്‍ അധികം ചിത്രങ്ങളാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കാനും തുടര്‍ന്ന് ഇതില്‍ നിന്നും തെരഞ്ഞെടുത്ത 50 ഓളം ചിത്രങ്ങള്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യാനുമാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്.