ഇരിട്ടി: കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ഇരിട്ടി താലൂക്കില്‍ ഇതുവരെ വിതരണം ചെയ്തത് 56 ലക്ഷം രൂപ. വിവിധ ഇനങ്ങളിലായാണ് സംഖ്യ വിതരണം ചെയ്തത്. സണ്ണി ജോസഫ് എം എല്‍ എയുടെ അധ്യക്ഷ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പുറമെ മഴക്കെടുതിയില്‍ ഇരിട്ടി താലൂക്കില്‍ മരണപ്പെട്ട അഞ്ചുപേരില്‍ രണ്ടു പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്.
താലൂക്കില്‍ 85 വീടുകള്‍ പൂര്‍ണമായും 822 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. നിലവില്‍ 109 പേര്‍ക്കാണ് 10,000 രൂപ വീതം നഷ്ടപരിഹാരം വിതരണം ചെയ്തത്. വീട് ഭാഗികമായി തകര്‍ന്ന 300 ഓളം പേര്‍ക്കും ധനസഹായം നല്‍കി. കൂടാതെ വസ്ത്രവും പാത്രങ്ങളും വാങ്ങുന്നതിന് 64 പേര്‍ക്ക് 3,800 രൂപ വീതവും നല്‍കി.

വില്ലജ് ഓഫീസര്‍, ഓവര്‍സിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ജനപ്രധിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ പ്രാദേശിക ഉപസമിതികള്‍ രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. നേരത്തെ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു. കൊട്ടിയൂര്‍, പായം, അയ്യങ്കുന്ന്, ഉളിക്കല്‍ എന്നീ പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പൂര്‍ണമായും തകര്‍ന്നിട്ടില്ലാത്തതും എന്നാല്‍ ഒട്ടും താമസയോഗ്യമല്ലാത്തതുമായ വീടുകളുടെ കാര്യം പരിശോധിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ചെറുതും വലുതുമായ 15 ഓളം പാലങ്ങള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. അപകടം നടന്ന പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിച്ചിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തകര്‍ന്ന റോഡുകള്‍ പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണം. ഗ്രാമീണ റോഡുകള്‍ നന്നാക്കുന്നതിന് പഞ്ചായത്തുകള്‍ പണം അനുവദിക്കണം. കാര്‍ഷിക മേഖലയിലെ നഷ്ടങ്ങള്‍ വിലയിരുത്തുന്നത്തിന് പ്രത്യേക പാക്കേജ് വേണമെന്നും യോഗം ആവശ്യപ്പെട്ടു.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന, വൈസ് പ്രസിഡന്റ് വി ഷാജി, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ അശോകന്‍(പായം), ഇന്ദിര ശ്രീധരന്‍(കൊട്ടിയൂര്‍), ഷിജി നടുപ്പറമ്പില്‍(ആറളം), ഷീജ സെബാസ്റ്റ്യന്‍(അയ്യന്‍കുന്ന്), പി പി സുഭാഷ്(തില്ലങ്കേരി),സെലിന്‍ മാണി(കണിച്ചാര്‍), മൈഥിലി രമണന്‍(കേളകം), ഷെര്‍ലി അലക്സാണ്ടര്‍(ഉളിക്കല്‍), ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.