കണ്ണൂര്‍: മണക്കടവ് ശ്രീപുരം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 67,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിഭവ സമാഹരണ യജ്ഞത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ തുക ഏറ്റുവാങ്ങി.
സ്കൂളിലെ ഒന്നാം ക്ലാസുമുതല്‍ പ്ലസ് ടു തലം വരെയുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത തുകയാണ് ഇത്. വിദ്യാര്‍ത്ഥികള്‍ എത്ര പണം നല്‍കണമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ഓരോ കുട്ടിയും അവര്‍ക്ക് കഴിയുന്ന പണമാണ് നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡി വിജയകുമാര്‍ പറഞ്ഞു.
കുട്ടികളുടെ ഭാഗത്തു നിന്നും അവര്‍ക്ക് കഴിയുന്ന തുക സംഭവന ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ മികച്ച പ്രതികരണമാണ് അവരില്‍ നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിരിച്ച തുകയും ഇതോടൊപ്പൊമുണ്ട്. കൂടാതെ സ്കൂളിലെ എല്ലാ അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളവും ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട്.