കനത്ത മഴയ്ക്കും പ്രകൃതി ക്ഷോഭത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഒക്ടോബർ 5ന്
പത്തനംതിട്ടയില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഒരു സിഐ, രണ്ട് എസ്ഐ, 23 രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. തമിഴ്നാട്ടിലെ ആര്‍ക്കോണത്തു നിന്നാണ് സംഘം വരുന്നത്. വെള്ളപ്പൊക്കമോ, ഉരുള്‍പൊട്ടലോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് സംഘത്തിലുള്ളത്. മൂന്ന് മെക്കനൈസ്ഡ് റബറൈസ്ഡ് ബോട്ട്, സ്കൂബ ഡൈവിംഗ് സെറ്റ്, ഡീപ് ഡൈവേഴ്സ് എക്വിപ്മെന്റ്, നൈറ്റ് ഓപ്പറേഷന് എക്വിപ്മെന്റ്, ലാന്‍ഡ്സ്ലൈഡ് സെര്‍ച്ച് എക്വിപ്മെന്റ്, കട്ടിംഗ് എക്വിപ്മെന്റ്, പാരാമെഡിക്കല്‍ യൂണിറ്റ് എന്നിവ അടങ്ങുന്നതാണ് സംഘം. മെക്കനൈസ്ഡ് റബറൈസ്ഡ് ബോട്ടുകള്‍ 10 എണ്ണം തൃശൂരില്‍ റിസര്‍വായി സൂക്ഷിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യമുണ്ടായാല്‍ ഇവ പത്തനംതിട്ടയിലേക്ക് എത്തിക്കും. ആവശ്യാനുസരണം ജില്ലാ കളക്ടറായിരിക്കും സംഘത്തെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുക.
