വിവിധ ആരോഗ്യപരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ആയുഷ്മാൻ ഭവ യുടെ ഓൺലൈൻ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമുവും ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും നിർവഹിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ വിവിധ പരിപാടികളാണ് നടത്തുന്നത്.

ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം അവയവദാനം, രക്തദാനം തുടങ്ങിയവയും ഇതിന്റെ ഭാഗമാകും. ആയുഷ്മാൻ മേള, ആയുഷ്മാൻ സഭ എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തുന്നു. സെപ്റ്റംബർ 11  മുതൽ 17  വരെ രോഗീസുരക്ഷാവാരമായി ആചരിക്കുകയാണ്. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ പി കെ അനിൽകുമാർ ലോക രോഗി സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിഎംഒ ഡോ. എംപി ജീജ മുഖ്യപ്രഭാഷണം നടത്തി അവയവദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആരോഗ്യമേഖലയിൽ വിവിധ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്‌കാരവും ചടങ്ങിൽ പ്രഖ്യാപിച്ചു. ക്ഷയരോഗികൾക്ക് പിന്തുണ നൽകുന്നതിനായി ആവിഷ്‌കരിച്ച നിക്ഷയ് മിത്ര-കണ്ണൂർ ജില്ലാ പഞ്ചായത്ത്, രക്തദാനം-ഡി വൈ എഫ് ഐ, എസ് എ ക്യു യു എസ് എച് എ എൽ- ജില്ലാ ആശുപത്രി കണ്ണൂർ എന്നിവയാണ് അവർഡിന് അർഹമായത്.

സയൻസ് പാർക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അസി. കലക്ടർ അനൂപ് ഗാർഗ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ അഡ്വ കെ കെ രത്നകുമാരി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. കെ ടി രേഖ, ഡോ ഗ്രിഫിൻ സുരേന്ദ്രൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ പ്രീത തുടങ്ങിയവർ പങ്കെടുത്തു.