ജില്ലയിലെ കോളനികളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയുടെ അവകാശരേഖ നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം വിഭാവനം ചെയ്ത ‘ഒരിടം’ പദ്ധതിക്ക് തുടക്കം. പട്ടയ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പട്ടയമിഷന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് റവന്യൂ, ഭൂപരിഷ്‌കരണ, ഭവന മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, എം.എല്‍.എ.മാരായ യു. പ്രതിഭ, എച്ച്. സലാം, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോളനികളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ രണ്ടായിരത്തില്‍പരം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കഴിയുമെന്നാണ് ജില്ല ഭരണകേന്ദ്രം കണക്കാക്കുന്നത്.
പട്ടയം ആവശ്യമുള്ളവരെ കണ്ടെത്താന്‍ അങ്ങോട്ട് സമീപിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനികള്‍ സന്ദര്‍ശിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശരേഖ ഇല്ലാത്ത കുടുംബങ്ങളില്‍ നിന്നും അര്‍ഹരായവരെ കണ്ടെത്തും. ഇവരില്‍ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിച്ച് നിയമാനുസൃത നടപടികള്‍ കൈക്കൊള്ളും.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ വില്ലേജ് തലത്തില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 847 കോളനികളിലായി 17,451 കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ പട്ടയം ലഭിക്കാത്ത കുടുംബങ്ങളെ കണ്ടെത്തുന്നതിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ഓരോ താലൂക്കിലെയും അഞ്ച് വീതം കോളനികള്‍ തിരഞ്ഞെടുത്ത് വിവരശേഖരണം നടത്തിയതില്‍ ആകെ 30 കോളനികളിലായി 78 ഗുണഭോക്താക്കളെ കണ്ടെത്തി. ഇവരില്‍ നിന്നും അപേക്ഷകള്‍ വാങ്ങി പട്ടയം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഓരോ വില്ലേജിലെയും മൂന്ന് കോളനികള്‍ വീതം തെരഞ്ഞെടുക്കും.
ഇവ വില്ലേജ് ജനകീയസമിതിയില്‍ അവതരിപ്പിച്ച് ജനപ്രതിനിധികളുടെ സഹായത്തോടെ ഇങ്ങനെവരുന്ന 300 ഓളം കോളനികള്‍ സന്ദര്‍ശിച്ച് സര്‍വ്വെ നടത്തും. ഇതു പ്രകാരമുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കുന്ന ജോലികള്‍ വില്ലേജ് ഓഫീസര്‍മാര്‍ നടത്തി വരികയാണ്. സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശരേഖ നല്‍കും. 300 കോളനികള്‍ വീതമുള്ള അടുത്ത രണ്ട് ഘട്ടങ്ങള്‍ കൂടി കഴിയുമ്പോള്‍ രണ്ടായിരത്തില്‍പരം കുടുംബങ്ങള്‍ക്ക് ഒരിടം പദ്ധതിയുടെ ഭാഗമായി പട്ടയം നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്.