സെപ്തംബര്‍ 18,19 തീയ്യതികളില്‍ ഉദുമ ലളിത് റിസോര്‍ട്ടില്‍ നടക്കുന്ന റൈസിംഗ് കാസര്‍കോട്, ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജില്ലയില്‍ വ്യവസായ പാര്‍ക്കുകകള്‍ ആരംഭിക്കുന്നതിനും വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ച് ജില്ലയെ വലിയ പുരോഗതിയിലേക്ക് നയിക്കുന്നതിനും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനുമുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയാണ് റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള വ്യവസായികളെ വിളിച്ചു വരുത്തി ജില്ലയുടെ സമഗ്ര വികസനത്തിനും പുരോഗതിക്കുമുള്ള പദ്ധതിയായാണ് റൈസിങ് കാസര്‍കോട് സംഘടിപ്പിക്കുന്നതെന്നും ഒരേ മനസ്സും ശരീരവുമായി ജില്ലയിലെ മുഴുവന്‍ ജനങ്ങളും പരിപാടിക്ക് പിന്‍തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങള്‍ക്കൊപ്പം വിവിധ മേഖലകളില്‍ പ്രഗത്ഭരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുതകുന്ന പദ്ധതി കൂടിയാണിത്. ജില്ലാപഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന റൈസിങ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്ന്
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

സംഗമം വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും, ധനകാര്യ മന്ത്രി കെ.എല്‍ ബാലഗോപാല്‍ സെപ്തംബര്‍ 19ന് സംഗമത്തിലെത്തും.

റൈസിംഗ് കാസർകോട് നിക്ഷേപക സംഗമം വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ സെപ്തംബര്‍ 19ന് രാവിലെ സംഗമത്തിലെത്തും. ചീഫ് സെക്രട്ടറി വി. വേണു, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എ.എം.മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, എം.പി, എം.എല്‍.എമാര്‍, തൃതലപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംഗമത്തിന്റെ ഭാഗമാകും.

ജില്ലയിലെ വ്യവസായ വികസനത്തിനുള്ള സാധ്യതകള്‍ ആഗോള തലത്തിലുള്ള കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് റൈസിംഗ് കാസര്‍കോട്.

കേരളറൈസിംഗ് കാസര്‍കോടിന്റെ ആദ്യ ഘട്ടമായി 2021 ല്‍ നടന്ന കെ.എല്‍. 14 ഗ്ലോബല്‍ മീറ്റ് കര്‍ട്ടന്‍ റൈസര്‍ മികച്ച പ്രതികരണം നേടി. തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ പരിശീലന കമ്പനിയായ ലിങ്ക് ഗ്രൂപ്പ് ജില്ലയില്‍ അവരുടെ പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ സുപ്രീം ഡെക്കര്‍, കാകോഗല്‍ ഇന്ത്യ തുടങ്ങി ഇതര സംസ്ഥാന നിക്ഷേപകരുടെ സംരംഭങ്ങളും ജില്ലയില്‍ വന്നു കഴിഞ്ഞു. ഇതുവഴി 150 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ജില്ലയിലെ ഭൂമി ലഭ്യത, അസംസ്‌കൃത വസ്തുക്കള്‍, മനുഷ്യ വിഭവശേഷി, റോഡ് വികസനം, വിമാനത്താവളങ്ങളുമായുള്ള ബന്ധം എന്നിവ പരിചയപ്പെടുത്തുന്നതിനോടൊപ്പം ജില്ലയിലെ നവസംരംഭകരുടെ നൂതന ആശയങ്ങള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരവും ഈ സംഗമത്തിലുടെ ലഭ്യമാക്കും. സംഗമത്തിന്റെ സമഗ്ര വിവരങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റ് നേരത്തെ പുറത്തിറക്കിയിരുന്നു.