കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിനായി ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ നടത്തുന്നു. സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെയാണ് ബാലമിത്ര ക്യാമ്പെയിൻ ജില്ലയിൽ നടക്കുക. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകി അംഗവൈകല്യവും രോഗപകർച്ചയും ഇല്ലാതാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

രണ്ടു വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെയാണ് ബാലമിത്ര ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും സ്കൂളിൽ നിന്നും നിയമിച്ച നോഡൽ അധ്യാപകർക്കും കുഷ്ഠരോഗത്തെ ക്കുറിച്ചും ബാലമിത്രപരിപാടിയെ ക്കുറിച്ചുമുളള ബോധവത്ക്കരണ പരിശീലന ക്ലാസുകൾ ആരോഗ്യ പ്രവർത്തകർ വഴി നൽകും.

നോഡൽ അധ്യാപകർ അതാത് സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുന്നതാണ്. പി.ടി.എ വഴി രക്ഷകർത്താക്കൾക്കും പദ്ധതിയെക്കുറിച്ച് ബോധവൽക്കരണം നൽകും. അധ്യാപകർ കുട്ടികൾക്ക് ബാലമിത്ര പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും കുട്ടികൾ വീടുകളിൽ പോയി രക്ഷിതാക്കളുടെ സഹായത്തോടെ പരിശോധന നടത്തി കുഷ്ഠരോഗം സംശയിക്കുന്ന കലകൾ, പാടുകൾ ശരീരത്തിൽ ശ്രദ്ധയിൽപ്പെട്ടാൽ ആ വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും വേണം. ലക്ഷണങ്ങളുള്ള കുട്ടികളുടെ ലിസ്റ്റ് അധ്യാപകർ മെഡിക്കൽ ഓഫീസർമാർക്ക് നൽകുകയും മെഡിക്കൽ ഓഫീസർമാർ തുടർ പരിശോധനകൾക്ക് വിധേയമാക്കി രോഗ നിർണയം നടത്തുകയും ചെയ്യും.