നാട്ടിക ഗ്രാമപഞ്ചായത്തിൽ നവകേരളം കർമ്മപദ്ധതി ഹരിത കേരള മിഷന്റെ ഭാഗമായി ജല ബജറ്റ് തയ്യാറാക്കുന്നതിന് ഗ്രാമപഞ്ചായത്ത്തല കൺവെൻഷൻ ചേർന്നു. നാട്ടിക ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. നവകേരളം റിസോഴ്സ് പേഴ്സൺ വേലായുധൻ വിഷയാവിതരണം നടത്തി.

പഞ്ചായത്തിന്റെ വിവിധ പ്രദേശത്തെ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജല‍ബജറ്റ് തയാറാക്കുന്നത്. വേനൽക്കാല ജലലഭ്യത, ജല സംഭരണം, കൃഷി, ശുദ്ധജലം എന്നിവയും ഉറപ്പാക്കും. പുഴകൾ, തോടുകൾ, കുളങ്ങൾ, കിണറുകൾ തുടങ്ങിയ ജലസ്രോതസ്സുകളിൽ നിന്നും ലഭ്യമാകുന്ന ജലത്തി‍ന്റെയും മഴയിൽ കിട്ടുന്ന ജലത്തി‍ന്റെയും ലഭ്യത പരിഗണിച്ച് എത്ര മാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിർത്താൻ കഴിയുമെന്ന് പരിശോധിച്ച് നടപടികളെടുക്കും.

ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത്തല സാങ്കേതിക സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.