പോളിങ്ങ് ബൂത്തുകളില്‍ മാത്രം കണ്ടിട്ടുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ കോളനികളിലെത്തിയപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കൗതുകം. ആശങ്കകളൊന്നുമില്ലാതെ ഇതെല്ലാം തൊട്ടറിയാനായി പിന്നെയുള്ള തിടുക്കങ്ങള്‍. തിരുനെല്ലിയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന നന്ന ബോട്ടു നന്ന അവകാസ തെരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പെയിനാണ് വേറിട്ട അനുഭവമായി മാറിയത്. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂഹത്തിന്റെ നാനാമേഖലയില്‍ ബോധവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം നന്ന ബോട്ടു നന്ന അവകാശ ( എന്റെ വോട്ട് എന്റെ അവകാശം) ക്യാമ്പെയിനുമായി എത്തിയത്. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക ഭാഷയിലുള്ള നന്ന ബോട്ടു നന്ന അവകാസ ബോധവത്കരണ പരിപാടിയില്‍ വോട്ടിങ്ങ് യന്ത്രങ്ങളെ പരിചയപ്പെടാനും വോട്ടു ചെയ്തുനോക്കാനും പുതിയ വോട്ടര്‍മാര്‍ മുതല്‍ മുതിര്‍ന്ന വോട്ടര്‍മാര്‍ വരെയുമെത്തി.
തിരുനെല്ലി ബേഗുര്‍, നെടുന്തന ആദിവാസി കോളനികളില്‍ നടന്ന ബോധവത്കരണത്തില്‍ എന്റെ വോട്ട് എന്റെ അവകാശം എന്ന് രേഖപ്പെടുത്തിയ കാര്‍ഡ് ധരിച്ചുകൊണ്ടും , വോട്ടവകാശത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ടും, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തുകൊണ്ടും ഗോത്രകുടുംബങ്ങള്‍ പങ്കാളികളായി. കണ്ണൂര്‍ ചെമ്പേരി വിമല്‍ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കമ്മ്യൂണിറ്റി റേഡിയോ മറ്റൊലി, വയനാട് ജില്ലാ ഇലക്ഷന്‍ വിഭാഗം ,സ്വീപ്പ് , ഇലക്ട്റല്‍ ലിറ്ററസി ക്ലബ്, മാനന്തവാടി താലൂക്ക് ഓഫീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നന്ന ബോട്ടു നന്ന അവകാശ ക്യാമ്പെയിന്‍. ബോധവത്കരണ പരിപാടിയുടെ ഭാഗമായി എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും നടന്നു.
വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി , സ്വീപ് നോഡല്‍ ഓഫീസര്‍ തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍ , ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോബി ജയിംസ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ് കുമാര്‍, കെ.ഷമീര്‍ , ടെക്നിക്കല്‍ സ്റ്റാഫ്കെ.സന്ദീപ് റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി, ചെമ്പേരി വിമല്‍ ജ്യോതി എം.ബി.എ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജിനിമോന്‍ വി ജോസഫ്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബിബിന്‍ തെക്കേടത്ത്, ബാച്ച് കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍, ഫാക്കള്‍ട്ടി ജോബിന്‍ ജോസഫ്, സ്റ്റാഫ് ബിന്ദു ജോണ്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.