മാനന്തവാടി അഗ്നി രക്ഷാനിലയത്തിന്റെയും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റേയും നേതൃത്വത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഫയര്‍ സര്‍വീസ് ജീവനക്കാര്‍ക്കും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കും താലൂക്ക് സന്നദ്ധ സേനാംഗങ്ങള്‍ക്കുമുള്ള പരിശീലനം നല്‍കി. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിനു പുതുതായി ലഭിച്ച അത്യാധുനിക സംവിധാനങ്ങളോടു കൂടിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു.
പുതിയ അഗ്നി രക്ഷാവാഹനത്തില്‍ 1500 ലിറ്റര്‍ വെള്ളം, 300 ലിറ്റര്‍ ഫോം സംഭരണ ശേഷിയും, ഹൈഡ്രോളിക് കട്ടിംഗ്, സ്പ്രെഡിംഗ് സംവിധാനങ്ങള്‍, നാല് ടണ്‍ വരെ ഭാരമുയര്‍ത്താവുന്ന കര്‍നമാന്റല്‍ റോപ്പ് തുടങ്ങിയ നൂതന സംവിധാനങ്ങളുമുണ്ട്. ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ എങ്ങനെ സുരക്ഷിത സ്ഥലത്ത് എത്തിക്കാം, മലയിടുക്കുകളിലും വലിയ മരങ്ങള്‍ക്കു മുകളിലും കുടുങ്ങിക്കിടക്കുന്നവരെയുംബഹുനിലക്കെട്ടിടങ്ങളിലുണ്ടാവുന്ന തീപ്പിടത്തങ്ങളില്‍ അകപ്പെട്ടു പോകുന്നവരെയും എങ്ങനെ രക്ഷിക്കാം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം നല്‍കിയത്.
വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ റോപ്പ് റെസ്‌ക്യു, ബര്‍മാ ബ്രിഡ്ജ്, റോപ്പ് ക്ലൈമ്പീംഗ്, റോപ്പ് ലാഡര്‍ ജെംബിങ് ആന്‍സര്‍, ഹോറിസോണ്ടല്‍ റിവര്‍ റെസ്‌ക്യൂ തുടങ്ങിയ രക്ഷാ പ്രവര്‍ത്തന മാര്‍ഗങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാനന്തവാടി തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ പി.വി വിശ്വാസ്, പി.കെ ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.