പഴയ ലെക്കിടി ജി.എസ്.ബി സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാതഭക്ഷണ വിതരണം ആരംഭിക്കുന്നു. ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍നിന്നും അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പല കാരണങ്ങളാല്‍ കുട്ടികളില്‍ പലരും രാവിലെ ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളിലെത്തുന്നത്. പലപ്പോഴും കുട്ടികള്‍ സ്‌കൂള്‍ അസംബ്ലിയില്‍ തളര്‍ന്നു വീഴാറുണ്ട്. ഈ അവസ്ഥ ഉണ്ടാവാതിരിക്കാനാണ് പഞ്ചായത്ത് ഇത്തരം പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതെന്ന് പ്രസിഡന്റ് കെ. സുരേഷ് അറിയിച്ചു.
പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കുമെന്നും തുടക്കമെന്ന നിലയിലാണ് പഴയ ലെക്കിടി സ്‌കൂളില്‍ പദ്ധതി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 15 ന് രാവിലെ 9.30ന് അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് അധ്യക്ഷനാകും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് മുഖ്യാതിഥിയാവും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ നസ്റിന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഹരി, പ്രധാനധ്യാപിക നിഷ, പി.ടി.എ പ്രസിഡന്റ് ഫൈസല്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.