കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
ജില്ലയില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ഒത്ത് ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിലേയ്ക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ കണ്‍ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.കണ്‍ടൈന്‍മെന്റ് സോണുകളില്‍ നിന്നും ജോലിയ്ക്കായും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും മറ്റും ജില്ലയിലേയ്ക്ക് വരുന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരണം. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തൊണ്ടര്‍നാട് , വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതിനും, ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും, ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം ചികിത്സ ഉറപ്പ് വരുത്തുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യമായ പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജീകരിക്കും.
നിപ സംബന്ധമായി ജില്ലയുടെ അതിര്‍ത്തികളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം ഒഴിവാക്കണം.വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ, വവ്വാലുകളെ ശല്യപ്പെടുത്തകയോ ചെയ്യരുത്.പട്ടികവര്‍ഗ്ഗകോളനികളില്‍ പ്രത്യേക നിപ ജാഗ്രത ബോധവല്‍ക്കരണം നടത്തുന്നതിന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.