· കുട്ടികളിലെ പോഷകാഹരക്കുറവുകള്‍ പരിഹരിക്കണം
· കാര്‍ഷികാധിഷ്ഠിത ഉപജീവനമാര്‍ഗ്ഗങ്ങള്‍ വേണം
· കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തണം
· പഴം പച്ചക്കറി വിളകള്‍ പ്രോത്സാഹിപ്പിക്കണം

ആസ്പിരേഷണല്‍ ജില്ലയായ വയനാടിന്റെ സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ സഞ്ജയ് ഗാര്‍ഗ് പറഞ്ഞു. കളക്ട്രേറ്റില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വകുപ്പുകളുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെ ജില്ലയ്ക്ക് ഇനിയും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. നിരന്തരമായ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയുടെ റാങ്കിംഗ് ഉയര്‍ത്താന്‍ കഴിയും. ആദിവാസി വിഭാഗങ്ങളിലെയും ഇതരവിഭാഗങ്ങളിലെയും കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നൈപുണ്യ വികസന മേഖലയില്‍ നേട്ടം കൈവരിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന വിവിധ പദ്ധതികള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കണം. ജില്ലയില്‍ ഭൂരിഭാഗം പേര്‍ ആശ്രയിക്കുന്ന കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് കാര്‍ഷികാധിഷ്ഠിത ഉപജീവന മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണം. കൃഷിയെ കൂടുതല്‍ പ്രായോഗികവും, സാമ്പത്തിക സുസ്ഥിരത നല്‍കുന്നതുമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടത്തണം. വയനാടിന്റെ കാലവസ്ഥയ്ക്ക് അനുയോജ്യമായ പഴം-പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കണം. കര്‍ഷകര്‍ക്കുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൃഷിവകുപ്പിനോട് നിര്‍ദ്ദേശിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി ശ്രദ്ധേയമാണ്. വിദ്യാര്‍ത്ഥികളുടെ പഠനനിലാവരം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ത്വരിതപ്പെടുത്തണം. പഠന നിലവാരം ഉയര്‍ത്തുന്നതിന് സ്ഥിരമായ നിരീക്ഷണസംവിധാനം വേണം. ക്രീയാത്മകമായ വികസന ആസൂത്രണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ആസ്പിരേഷണല്‍ ജില്ലയിലൊന്നായി വയനാടിനെയും പരിഗണിച്ചത്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ മുന്നേറണമെന്നും സഞ്ജയ് ഗാര്‍ഗ് പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയിലെ പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്താന്‍ സഞ്ജയ് ഗാര്‍ഗ് ഫീല്‍ഡ് തല സന്ദര്‍ശനവും നടത്തി.