ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തുകള്‍ പരിധിയിലെ എല്ലാ പൊതുസ്ഥലങ്ങളും സന്നദ്ധ സംഘടനകളുടെ കൂടി പിന്തുണയില്‍ ശുചിയാക്കും. ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള നീല, പച്ച നിറങ്ങളിലുള്ള ബിന്നുകള്‍ സ്ഥാപിക്കും.

ശുചിത്വം, ഉറവിടത്തില്‍ തരംതിരിവ്, ഹരിതചട്ടപാലനം തുടങ്ങിയ വിഷയങ്ങളിലുള്ള സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. സ്വച്ഛതാ ക്വിസ്, പ്ലാന്റേഷന്‍ ഡ്രൈവ് സ്വച്ഛതാ പ്രതിജ്ഞ, സ്വച്ഛതാ റണ്‍ എന്നിവ സംഘടിപ്പിക്കും. ഉറവിടത്തില്‍ മാലിന്യം തരംതിരിക്കലിന്റെ പ്രാധാന്യം, പ്ലാസ്റ്റിക് ബദല്‍ എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് സ്‌കൂള്‍ കുട്ടികളെ ബോധവല്‍ക്കരിക്കും.

ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ വിവിധ പരിപാടികള്‍ നടക്കും. ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാ തലത്തില്‍ റിസോഴ്‌സ് പേഴ്‌സന്മാര്‍ക്കുള്ള പരിശീലനം നടന്നു. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ. റഹിം ഫൈസല്‍, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ വിദ്യഭാസ ഓഫീസ് വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് പി. അഷ്റഫ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ കെ.സഞ്ജയ്, നിധി കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.