കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടിലും പകര്‍ച്ചവ്യാധി നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാജവാര്‍ത്തകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ വിവരവിനിമയ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.പി ദിനീഷ് അറിയിച്ചു.

അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരും ഇല്ല. എന്നാല്‍ കരുതലെന്ന നിലയില്‍ പൊതുപരിപാടികളിലും ചടങ്ങുകളിലും മാസ്‌ക് ധരിക്കാനും ആള്‍ക്കൂട്ടമുണ്ടാകുന്ന സന്ദര്‍ഭങ്ങളും ആശുപത്രി രോഗീ സന്ദര്‍ശനങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. നിപ സംബന്ധിച്ച വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ഫോണ്‍ നമ്പര്‍ :04935240390.