വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിലൂടെ തുടക്കം കുറിച്ച നൂതന പദ്ധതിയായ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം മൂന്നാം വര്‍ഷത്തിലേക്ക്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എടവക, തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടര്‍നാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി തുടങ്ങിയ ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനകരമാണ്.

.ഒരു സാമ്പത്തിക വര്‍ഷം 20.5 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനയോഗിക്കുന്നത് . മാനന്തവാടി ബ്ലോക്കിലെ 21 ക്ഷീരസംഘങ്ങളെയും ആറ് മൃഗാശുപത്രികളെയും കോര്‍ത്തിണക്കി തയ്യാറാക്കുന്ന പ്രവര്‍ത്തന കലണ്ടര്‍ അടിസ്ഥാനപ്പെടുത്തിയാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഘടകസ്ഥാപനമായ ഗവ.മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനററി സര്‍ജനാണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. പ്രത്യേകം സജ്ജീകരിച്ച വാഹനം, വെറ്റനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്‍ഡര്‍, ആവശ്യ മരുന്നുകള്‍ എന്നിവയാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി സംവിധാനത്തിലുള്ളത്. മാസത്തില്‍ രണ്ടായിരത്തോളം മൃഗങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയുന്നു. ഗുരുതരമായ രോഗം ബാധിച്ച കന്നുകാലികളുളള വീടുകളില്‍ പോയി ചികിത്സ നല്‍കാനും സംവിധാനത്തിലൂടെ കഴിയുന്നുണ്ട്. ഡോക്ടറുടെ പരിശോധനക്ക് ശേഷം മൃഗങ്ങള്‍ക്കുള്ള മരുന്നുകളും അവിടെ വെച്ച് തന്നെ നല്‍കുന്നു എന്നുള്ളത് ഗുണകരമാണ്.