കൂട്ടിലിട്ട മൃഗങ്ങളുടെ കാഴ്ചയല്ല, മറിച്ച് കാടിന്റെ ശൗര്യമാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഒരുങ്ങുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വനം വന്യജീവി വാരാഘോഷ സംഘാടകസമിതി യോഗം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അടച്ചിട്ട കൂടുകളിൽ മൃഗങ്ങളെ കണ്ട് മടങ്ങുന്നതിനു പകരം വിശാലമായ ആവാസ വ്യവസ്ഥയിലുള്ള ജീവിതങ്ങൾ കണ്ടറിയാം. പുത്തൂരിനെ കേരളത്തിന്റെ തന്നെ പ്രധാന ടൂറിസം വില്ലേജുകളിലൊന്നാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. തൃശൂരിന്റെ ഹൃദയഭംഗി വർധിക്കുകയാണ്. സുവോളജിക്കൽ പാർക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള മൃഗാശുപത്രിയും അടിസ്ഥാന സൗകര്യങ്ങളും എല്ലാം സെന്റർ സൂ അതോറിറ്റിയുടെ അംഗീകാരം നേടിക്കഴിഞ്ഞു. തൃശൂർ മൃഗശാലയിൽ നിന്നുള്ള മൃഗങ്ങളും തിരുവനന്തപുരത്തുനിന്നും കാട്ടുപോത്തും ഹിമാചൽപ്രദേശിൽ നിന്നുള്ള കരടികളെയും മൃഗശാലയിലേക്ക് കൊണ്ടുവരും. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി മൃഗങ്ങളെ എത്തിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

സുവോളജിക്കൽ പാർക്കിലേക്കുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി കുട്ടനല്ലൂർ ഭാഗത്തെ കുപ്പികഴുത്ത് റോഡിനും പരിഹാരമാവുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമായിട്ടുണ്ട്. 40 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഡിസൈൻ റോഡും ഒരു പാലവും കൂടി ഉൾപ്പെടുത്തി ടൂറിസം കോറിഡോർ സാധ്യത ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനം വന്യജീവി വാരാഘോഷം പരിപാടിയുടെ ഭാഗമായി സുവോളജിക്കൽ പാർക്കിന്റെ പ്രൗഡി വിളിച്ചോതുന്ന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ രാജൻ ചെയർമാനായും പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ കൺവീനറായും പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി ഐ എഫ് എസ് കോഡിനേറ്ററായും സംഘാടക സമിതി രൂപീകരിച്ചു.

പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷയായി. മേയർ എം കെ വർഗീസ്, സി സി എഫ്. കെ ആർ അനൂപ് ഐ എഫ് എസ്, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി ഐ എഫ് എസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, പുത്തൂർ പഞ്ചായത്തംഗം പി കെ ശ്രീനിവാസൻ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.