പുതുക്കാട് നിയോജക മണ്ഡലത്തിലെ ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ടി.എൻ പ്രതാപൻ എം പി യുടെയും കെ കെ രാമചന്ദ്രൻ എം എൽ എയുടെയും സാന്നിധ്യത്തിൽ കലക്ട്രേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ ദേശീയ പാത 544 ൽ 11 ഇടങ്ങളിലായി അടിപ്പാത നിർമ്മിക്കാൻ 480 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ടി എൻ പ്രതാപൻ എം പി പറഞ്ഞു.

ജില്ലയിലെ ആമ്പല്ലൂർ, കൊരട്ടി, മുരിങ്ങൂർ , പ്രേരാമ്പ്ര, ചിറങ്ങര, വാണിയമ്പാറ , മുടിക്കോടി, കല്ലിടുക്ക് എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ കുഴൽമന്ദം, കാഴ്ചപറമ്പ്, സ്വാതി ജംഗ്ഷൻ എന്നിവിടങ്ങളിലുമാണ് അടിപ്പാത നിർമ്മിക്കുന്നത്. നാല് മാസത്തിനകം ടെണ്ടർ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പുതുക്കാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലേക്ക് കയറുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി മിനി ബസ് സ്റ്റാൻഡ് എം എൽ എ ഫണ്ട് വിനിയോഗിച്ച് ദേശീയ പാതയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിക്കുമെന്ന് കെ കെ രാമചന്ദ്രൻ എം എൽ എ പറഞ്ഞു.

പുതുക്കാട് ജംഗ്ഷനിൽ എൻ എച്ച് ആറുവരി പാത ആകുന്നതോട് കൂടി അടിപ്പാത നിർമിക്കും. അതിന് മുൻപ് സ്ഥലലഭ്യതയ്ക്ക് അനുസരിച്ച് റോഡിന് മുകളിലൂടെ നടപ്പാലം നിർമ്മിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

കുളത്തൂർ മുതൽ കൊടകര വരെയുള്ള നാഷണൽ ഹൈവേയുടെ ഭാഗങ്ങളിലെ സർവീസ് റോഡുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. മണ്ഡലത്തിൽ ഉൾപ്പെടുന്ന ദേശീയ പാതയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനായി സെപ്റ്റംബർ 21 ന് എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , ദേശീയ പാത ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തി വേണ്ട നടപടികൾ സ്വീകരിക്കും.

ദേശീയ പാതയോരത്തെ മാലിന്യ പ്രശ്നത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യാനും ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും.
ദേശീയ പാതയ്ക്കരുകിൽ പാർക്കിംഗ് സൗകര്യം ഒരുക്കി സർവീസ് റോഡുകളിൽ ഇരുവശത്തുമുള്ള വാഹന പാർക്കിംഗ് ഒഴിവാക്കും. പുതുക്കാട് , പാലിയേക്കര ടോൾ പ്ലാസ എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കും.

ദേശീയ പാതയിൽ മുമ്പ് ഉണ്ടായിരുന്ന പല ബസ് സ്റ്റോപ്പുകൾ പുന:സ്ഥാപിക്കാനും മണലിയിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് ബസ് സ്റ്റോപ്പ് നിർമ്മിക്കും. യോഗ വിഷയങ്ങളിൽ മൂന്ന് മാസത്തിനകം അവലോകനം നടത്താനും തീരുമാനിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ബൈജു , ഇ.കെ അനൂപ്, ഡെപ്യൂട്ടി കലക്ടർമാരായ ഡോ. എം സി റെജിൽ , പി അഖിൽ , ദേശീയ പാത പ്രോജക്ട് ഡയറക്ടർ ബിപിൻ മധു , പി ശങ്കരൻ ( ജി ഐ പി എൽ), കെ.കെ സുരേഷ് കുമാർ (ആർടി ഒ), കെ യു വിജയ് കൃഷ്ണ ( ഫയർ സ്റ്റേഷൻ ഓഫീസർ , തൃശൂർ), ജോജി വർഗീസ് (അസി: സ്റ്റേഷൻ ഓഫീസർ , ഫയർ സ്റ്റേഷൻ പുതുക്കാട് ), ടി എസ് സിനോജ് ( ഡി വൈ എസ് പി ചാലക്കുടി) കെ.ജെ സുനിൽ ( എ.ടി ഒ. കെ എസ് ആർ ടി സി തൃശൂർ) എസ്. ഹരീഷ് (എക്സിക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് നിരത്തുകൾ വിഭാഗം ), കെ എ നാരായണൻ ( ഇൻസ്പെക്ടർ , കെ എസ് ആർ ടി സി തൃശൂർ), കെ എസ് സുധീഷ് ( കൺസൾട്ടൻസി , എൻ എച്ച് എ ഐ ), എ അരവിന്ദ് ( സൈറ്റ് എഞ്ചിനീയർ ,എൻ എച്ച് എ ഐ പാലക്കാട് ), ബി രവി ശങ്കർ ( കൺസൾട്ടൻസി , എൻ എച്ച് എ ഐ ), സജി ( ജെ ഐ പി എൽ) , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.