കേരളത്തിൽ മികച്ച കായിക സംസ്കാരം വളർത്തിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ‘മയക്കുമരുന്ന് ദുരുപയോഗവും സാമൂഹ്യ പ്രത്യാഘാതവും കായിക വാസന ഏറെ ഫലപ്രദം’ സെമിനാർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാർഥികളുടെയും യുവാക്കളുടെയും ഏകാഗ്രതയും ബുദ്ധിശക്തിയും സർഗശേഷിയുമെല്ലാം ഏറ്റവുമധികം വികസിക്കുന്നത് ശാരീരികമായ സ്വസ്ഥതയും ആരോഗ്യവും കൈവരിക്കുമ്പോഴാണ്. ആരോഗ്യമുള്ള ഒരു ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും മസ്തിഷ്കവും ഉണ്ടാകൂ.ഒരു കായിക സംസ്കാരം സാമൂഹിക ആരോഗ്യമുള്ള ജനതയെ വളർത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും സഹവർത്തിത്വയോടെയും ജീവിക്കാൻ ഏറ്റവുമധികം സഹായകരമാകുന്ന മികച്ച കായിക സംസ്കാരം വളർത്തിയെടുക്കണം. ലഹരിയിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അതിനായി സ്വയം അവബോധം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മേട്ടി അധ്യക്ഷനായി. ഡോ. ജോമി ജി സി സെമിനാർ അവതരിപ്പിച്ചു.
ദിലീപ് ഹേബിൾ, ഐ ജി എൻ ഐ മാത്യു, എ പി ജോഷി, ബേബി പൗലോസ്, വി എം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.