ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ മത്സരിക്കുന്ന ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ദി ന്യൂ മില്ലേനിയം ടീമിന്‍റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 14 മുതല്‍ 17 വരെയുളള ദിവസങ്ങളിലായി സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും സമാപനം കുറിച്ച്  മെഗാ റാലിയും മെഗാ തിരുവാതിരയും നടത്തി. നഗരസഭ ഓഫീസ് പരിസരത്തെ സ്വച്ഛതാ സ്ക്വയറില്‍ നിന്നും ആരംഭിച്ച മെഗാ റാലി നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഫ്ളാഗ് ഓഫ് ചെയ്തു.
വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ എ.എം ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ് മനോജ്, എ. സായിനാഥന്‍, കൗണ്‍സിലര്‍ കെ.പി ഉദയന്‍, കൗണ്‍സിലര്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന്‍, നഗരസഭ ജീവനക്കാര്‍, പൗരപ്രമുഖര്‍, പൊതുജനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങി മൂവായിരത്തിലധികം പേർ പങ്കെടുത്ത മെഗാറാലി നഗരം ചുറ്റി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി അങ്കണത്തില്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് ആയിരത്തോളം വനിതകള്‍ ചുവടു വെച്ച മെഗാതിരുവാതിരയും അരങ്ങേറി. തിരുവാതിരക്ക് മുന്നോടിയായി ശുചിത്വ പ്രതിഞ്ജ ചൊല്ലി. ചെയര്‍മാന്‍ എം. കൃഷ്ണദാസ് പ്രതിഞ്ജാ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പുരസ്ക്കാര വിതരണവും അനുമോദന സദസ്സും നടന്നു.

നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്‍റെ ഭാഗമായി സംഘടിപ്പിച്ച  പ്രവര്‍ത്തനങ്ങളെല്ലാം വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും പുതുമകൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ രാജ്യത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നായി ഗുരുവായൂരിനെ തെരഞ്ഞെടുത്തിരുന്നു.