വടക്കാഞ്ചേരി അഗ്നിരക്ഷാ നിലയത്തിന് പുതിയതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (എഫ് ആർ വി) സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ദുരന്തമുഖങ്ങളിൽ ആദ്യം എത്താൻ കഴിയുന്ന താരതമ്യേന ചെറിയ വാഹനമാണ് എഫ് ആർ വി. ഇടുങ്ങിയതും ദുഷ്കരവുമായ പാതകൾ താണ്ടി ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തനങ്ങൾ എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താനാ വും.
1500 ലിറ്റർ വെള്ളവും, ഓയിൽ തീപിടുത്ത സമയത്ത് ഉപയോഗിക്കുന്ന 300 ലിറ്റർ പതയും (ഫോം) ഉൾക്കൊള്ളുന്ന ടാങ്കുകൾ വാഹനത്തിലുണ്ട്. കിണർ, മരം അപകടങ്ങളിലെ രക്ഷാദൗത്യത്തിനായി റോപ്പ് റെസ്ക്യൂ കിറ്റ്, മരം മുറിക്കുന്നതിനായി ചെയിൻ സോ, വാഹനാപകടങ്ങളിൽ ഉപയോഗിക്കാവുന്ന ഹൈഡ്രോളിക്ക് കട്ടർ, സ്പ്രെഡർ, ജാക് എന്നിവയും വാഹനത്തിലുണ്ട്. ടോർച്ച്, ഷീയേഴ്സ് (ബോൾട്ട് കട്ടർ), മൂന്ന് സ്റ്റെപ്പായി ഉയർത്താവുന്ന ലാഡർ എന്നിവ ഉൾപ്പെടെ ആധുനിക ടൂൾ കിറ്റുകളും അടങ്ങുന്നതാണ് വാഹനം.
വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. പരിപാടിയിൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ നേടിയ വിരമിച്ച ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബാബുരാജിനെ ആദരിച്ചു. ബ്രഹ്മപുരം തീപിടുത്തത്തിൽ സുത്യർഹമായ സേവനം കാഴ്ചവച്ച ജീവനക്കാരെയും സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും ആദരിച്ചു.
വടക്കാഞ്ചേരി നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി മുഹമ്മദ് ബഷീർ, ഡിവിഷൻ കൗൺസിലർ അഡ്വ. ശ്രീദേവി, കൗൺസിലർ എ ഡി അജി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ , വ്യാപാര വ്യവസായ സമിതി സെക്രട്ടറി സി ജി സുകുമാരൻ , വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ ടി കെ നിതീഷ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി ആർ രോഹിത് തുടങ്ങിയവർ പങ്കെടുത്തു.