പാറശാല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിനുള്ള പുതിയ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍.എസ്.ക്യൂ.എഫ്) ലാബുകളുടെയും സെമിനാര്‍ ഹാളിന്റെയും ശിലാസ്ഥാപനം സി.കെ.ഹരീന്ദ്രന്‍ എം. എല്‍. എ നിര്‍വഹിച്ചു. അക്കാദമിക് വിഷയങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസവും നല്‍കാന്‍ ഉദ്ദേശിച്ചാണ് എന്‍.എസ്.ക്യൂ.എഫ് ലാബുകള്‍ സ്ഥാപിക്കുന്നത്. പുതിയ മന്ദിരം ഉള്‍പ്പെടെ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പത്തു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എം. എല്‍. എ പറഞ്ഞു.
വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് വിദ്യാലയത്തിനടുത്തായി ആറു കോടി രൂപ ചെലവഴിച്ച് ബസ് ടെര്‍മിനലും നിര്‍മ്മിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ പാറശാല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമവണ്ടി സൗകര്യവും ഏര്‍പ്പെടുത്തും. ഇക്കാര്യങ്ങള്‍ ഉപയോഗപ്പെടുത്തി പഠിച്ച് മികച്ച വിജയം കരസ്ഥമാക്കുകയാണ് വിദ്യാര്‍ത്ഥികളുടെ കര്‍ത്തവ്യമെന്നും എം.എല്‍.എ പറഞ്ഞു.
ഒരു കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബുകളും സെമിനാര്‍ ഹാളും നിര്‍മ്മാണം പൂര്‍ത്തിയാക്കുക. 2022-23 അക്കാദമിക വര്‍ഷം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പി.റ്റി.എ നല്‍കുന്ന അവാര്‍ഡുകളുടെ വിതരണവും എം. എല്‍. എ നിര്‍വഹിച്ചു.
പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത.എല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ഡാര്‍വിന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി ആര്‍. സലൂജ, പ്രിന്‍സിപ്പാള്‍ റാണി പി. എസ് തുടങ്ങിയവരും സന്നിഹിതരായി.