നേമം നിയോജകമണ്ഡലത്തിലെ വാഴമുട്ടം സര്‍ക്കാര്‍ ഹൈസ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. നേമത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വികസന പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വികസന മുരടിപ്പിലായിരുന്ന നേമം മണ്ഡലം ഇന്ന് വികസന വഴിയിലാണ്. കോടിക്കണക്കിനു രൂപയുടെ വികസനമാണ് മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, വീടുകള്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വികസന പദ്ധതികളാണ് നേമത്ത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് കോടി രൂപയും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് കോടി രൂപയും കിഫ്ബി ഫണ്ടില്‍ നിന്നും 1 കോടി 30 ലക്ഷം രൂപയുമാണ് വാഴമുട്ടം സര്‍ക്കാര്‍ ഹൈ സ്‌കൂളിനായി അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി അനുവദിച്ച അഞ്ച് കോടി വിനിയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തില്‍ ഒന്‍പത് ക്ലാസ്സ് മുറികളും, വരാന്ത, രണ്ട് സ്റ്റെയര്‍കേസുകള്‍, ലിഫ്റ്റ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ എന്നിവ നിര്‍മിക്കും. ഇരുനിലകളിലായി നിര്‍മിക്കുന്ന മന്ദിരത്തിന് 12,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണുള്ളത്. ഭാവിയില്‍ രണ്ട് നിലകള്‍ കൂടി നിര്‍മ്മിക്കാനുള്ള തരത്തിലാണ് നിര്‍മാണം. 15 മാസങ്ങള്‍ കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.

മേയര്‍ ആര്യാ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സംഘടക സമിതി ചെയര്‍മാന്‍ പി. എസ് ഹരികുമാര്‍, ഹെഡ്മിസ്ട്രസ് ശ്രീജ ജി. എസ്.,പൊതുമരാമത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍,അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.