ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം വാർഡ് എട്ടിലെ കൈരളി വാട്ടർടാങ്ക് ലിങ്ക് റോഡിന്റെ നവീകരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട എംഎൽഎയുടെ 2022 – 23 വർഷത്തെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണത്തിന് ഒരുങ്ങുന്നത്. കൈരളി വാട്ടർ ടാങ്ക് റോഡ് മുതൽ കുഴിക്കാട്ടുകോണം കോളനിയുമായി ബന്ധിപ്പിക്കുന്ന 102 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള റോഡ് ഇന്റർലോക്ക് കട്ട വിരിക്കുകയും റോഡിന്റെ വശങ്ങൾ സംരക്ഷണഭിത്തി 102 മീറ്റർ നീളത്തിൽ കെട്ടി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.

ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സുജാ സജീവ് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പത്താം വാർഡ് കൗൺസിലർ എ.എസ് ലിജി, 37ാം വാർഡ് കൗൺസിലർ സി.എം സാനി, മുൻ പഞ്ചായത്ത് പ്രസിഡന്റ് രാജൻ മാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.