മാലിന്യസംസ്കരണ മേഖലയെ കുറ്റമറ്റതും സമയബന്ധിതവുമാക്കാൻ ഹരിത മിത്രം ആപ്പ് ഒരുക്കി കടങ്ങോട് ഗ്രാമ പഞ്ചായത്ത്. ഓരോ പ്രവർത്തനവും അതാത് സമയങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡ് തലം വരെ വിലയിരുത്തുന്നതിനായി കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കില എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം.

വീട് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സമയബന്ധിതമായും കുറ്റമറ്റതായും നടത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വീടുകളിൽ ക്യൂ ആർ കോഡ് പതിപ്പിച്ചുള്ള വിവരശേഖരണത്തിന് ഗ്രാമ പഞ്ചായത്തിൽ പരിശീലനം നൽകി.

കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, കലണ്ടർ പ്രകാരമുള്ള പാഴ്വസ്തു ശേഖരണം, കൈമാറുന്ന തീയതി എന്നീ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാവും. യൂസർ ഫീ നൽകുന്നതുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും സംസ്ഥാനത്തുടനീളം ഉയർന്നിരുന്നു. ആയതിനാൽ നൽകിയ യൂസർ ഫീ, യൂസർഫി നൽകാത്ത ഉടമകളുടെ വിവരങ്ങൾ, ഹരിത കർമ്മസേന പ്രവർത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യവും ആപ്പിൽ ലഭ്യമായിരിക്കും. ഇത്തരത്തിൽ കാര്യങ്ങൾ ആപ്പിലൂടെ സാങ്കേതികമാകുന്നതോടെ പ്രവർത്തനം കാര്യക്ഷമമാകുമെന്നും പരാതികൾ കുറയുമെന്നുമാണ് കരുതുന്നത്. കൂടാതെ വരിസംഖ്യ അടയ്ക്കുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുക, അലക്ഷ്യമായി വലിച്ചെറിയുക എന്നിങ്ങനെയുള്ള മലിനീകരണ പ്രശ്നങ്ങൾ മേലധികാരികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്താനുള്ള സംവിധാനവും ആപ്ലിക്കേഷനിൽ ഉണ്ടാകും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ മാലിന്യസംസ്കരണമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഹരിതമിത്രത്തിന്റെ ഭാഗമായി പതിപ്പിക്കുന്ന മുദ്ര നീക്കം ചെയ്യുവാനോ നശിപ്പിക്കുവാനോ പാടില്ല.

ക്യു ആർ കോഡ് പതിപ്പിക്കുന്നതിനും വിവരശേഖരണത്തിനുമായി ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ വീടുകളിൽ എത്തുമ്പോൾ റേഷൻ കാർഡ്, വീട് നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നീ രേഖകൾ ജനങ്ങൾ സജ്ജമാക്കി വയ്ക്കണം.

പരിശീലന ക്ലാസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷേത്തമൻ അധ്യക്ഷത വഹിച്ചു. ഹരിത മിത്രം പ്രോജക്റ്റ് ജില്ലാ കോർഡിനേറ്റർ എം.എസ് സജിത്ത് ക്ലാസ്സെടുത്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ രമ്യ ഷാജി, ടി.പി ലോറൻസ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ബി ഷാനിബ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രമണി രാജൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.