എസ്.സി.ഇ.ആര്‍.ടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഏറ്റുവാങ്ങി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷ ഉന്നതതല സമിതി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രവിഷയങ്ങളില്‍ പാഠപുസ്തകങ്ങള്‍ മലയാളത്തില്‍ കൂടി ലഭ്യമാക്കണമെന്ന് എസ്.സി.ഇ.ആര്‍.ടിയോട് ആവശ്യപ്പെട്ടതുപ്രകാരമാണ് പരിഭാഷകള്‍ തയാറാക്കിയത്.
ഒന്നും രണ്ടും വര്‍ഷത്തെ പ്രധാന ശാസ്ത്രവിഷയ പാഠപുസ്തകങ്ങളും മറ്റ് 21 കോര്‍ വിഷയങ്ങളുടെ ഒന്നാംവര്‍ഷ പാഠപുസ്തകങ്ങളുമാണ് ഈ അധ്യയനവര്‍ഷം പരിഭാഷപ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ പരിഭാഷ പൂര്‍ത്തിയായ 19 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
21 കോര്‍ വിഷയങ്ങളുടെ രണ്ടാംവര്‍ഷ പാഠപുസ്തകങ്ങളുടെ പരിഭാഷ അടുത്ത അധ്യയനവര്‍ഷത്തോടെ പൂര്‍ത്തിയാക്കും. സാങ്കേതികപദങ്ങള്‍ ആകെ പരിഭാഷ ചെയ്യാതെ വിദ്യാര്‍ഥി കടന്നുവന്ന ക്ലാസുകളില്‍നിന്ന് സ്വായത്തമാക്കിയ പദങ്ങള്‍ ചേര്‍ത്തുള്ള പരിഭാഷയാണ് നിര്‍വഹിച്ചിരിക്കുന്നത്. പരിഭാഷ ചെയ്ത സാങ്കേതികപദങ്ങളുടെ ഇംഗ്‌ളീഷ് ബ്രാക്കറ്റില്‍ നല്‍കിയിട്ടുമുണ്ട്. പ്രകാശനചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡോ. പി.കെ സുധീര്‍ബാബു, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ പ്രൊഫ.എ. ഫറൂഖ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ പി.വി.പ്രകാശന്‍, കെ.സി.ഹരികൃഷ്ണന്‍, സി.രാമകൃഷ്ണന്‍, ഡോ. എസ്.രവീന്ദ്രന്‍ നായര്‍, ഡോ. പി.കെ. തിലക് തുടങ്ങിയവര്‍ സംബന്ധിച്ചു.