അയൽക്കൂട്ട അംഗങ്ങളെ വിദ്യാലയങ്ങളിലേക്ക് എത്തിച്ച് പരിശീലനം നൽകുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന “തിരികെ സ്കൂളിൽ ” ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാമ്പയിനിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര നിർവഹിച്ചു.
കുടുംബശ്രീയുടെ സംഘടനാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുക, പുതിയകാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക, വരുംകാല പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
ചൂർണിക്കര പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മുഹമ്മദ് ഷഫീഖ്, ഷീല ജോസ്, റൂബി ജിജി, ലൈല അബ്ദുൽ ഖാദർ, സിഡിഎസ് ചെയർപേഴ്സൺ റംല താജുദ്ദീൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി.എം.റജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ ആർ രജിത , ജില്ലാ പ്രോഗ്രാം മാനേജർ എം എ അജീഷ എന്നിവർ പങ്കെടുത്തു.
സംസ്ഥാന പരിശീലനം കിട്ടിയ റിസോഴ്സ് പേഴ്സൺ മാരുടെ നേതൃത്വത്തിൽ 5 സെഷനുകളിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ അയൽക്കൂട്ട അംഗങ്ങളെ വിദ്യാലയങ്ങളിലേക്ക് എത്തിച്ച് പരിശീലനം നൽകും. രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിക്കുന്ന പഠന പ്രക്രിയയാണ് ക്യാമ്പയിനിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്. സ്കൂൾ ക്ലാസ്സ് മുറിയിൽ പരമാവധി 50 മുതൽ 60 വരെ അയൽക്കൂട്ട അംഗങ്ങളാണ് പഠിതാക്കളായി ഉണ്ടാകുക. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 30 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ അംഗങ്ങളെ ശാക്തീകരിക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.ഓരോ സി.ഡി.എസിനും കീഴിലുള്ള വിദ്യാലയങ്ങളിലാണ് പരിശീല പരിപാടി സംഘടിപ്പിക്കുന്നത്.