കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സേതുമാധവന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ വിളിച്ച് അഭിനന്ദിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഒരു വാക്ക് നല്‍കിയിരുന്നു. ഇനി തൃശ്ശൂരില്‍ വരുമ്പോള്‍ നേരില്‍ കാണാം എന്നതായിരുന്നു ആ വാക്ക്. ചൊവ്വാഴ്ച മന്ത്രി വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശ്ശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കുകയുണ്ടായി. തിരക്കുകള്‍ക്കിടയിലും സേതുമാധവനെയും ജയിപ്പിച്ച കൂട്ടുകാരെയും കാണാന്‍ മന്ത്രി നേരിട്ട് സ്‌കൂളില്‍ എത്തി. മന്ത്രി കെ. രാധാകൃഷ്ണനും ഒപ്പം ഉണ്ടായിരുന്നു.

ആരവങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ മന്ത്രിമാരെ വരവേറ്റത്. ചെറിയൊരു ചടങ്ങും സ്‌കൂള്‍ സംഘടിപ്പിച്ചിരുന്നു. സദസില്‍ ഇരുന്ന സേതുമാധവനെ മന്ത്രിമാര്‍ വേദിയില്‍ കൊണ്ടുവന്നിരുത്തി. ഭാവിയില്‍ ആരാകണം എന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ ചോദ്യത്തിന് ഒരു സൈനികന്‍ ആകണം എന്നായിരുന്നു സേതുമാധവന്റെ ഉത്തരം. സേതുമാധവനെ വേദിയില്‍ ആദരിച്ചാണ് മന്ത്രിമാര്‍ മടങ്ങിയത്.

സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ 45 വോട്ട് നേടിയ സേതുമാധവന്റെ വിജയാഹ്ലാദ നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ വീഡിയോ കോളില്‍ വിളിച്ച് മന്ത്രി സേതുമാധവനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മന്ത്രി കെ. രാധാകൃഷ്ണന്‍ സേതുമാധവനെ സ്‌കൂളില്‍ എത്തി അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.