ചേലക്കര നിയോജകമണ്ഡലത്തിലെയും പരിസര പ്രദേശങ്ങളിലെയും അഭ്യസ്തവിദ്യരായ എല്ലാവരുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കുള്ള ഒറ്റ ഉത്തരമായി കരിയര്‍ ഡവലപ്മെന്റ് സെന്റര്‍ മാറുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചേലക്കര നിയോജക മണ്ഡലത്തിന് അനുവദിച്ചു കിട്ടിയ കരിയര്‍ ഡവലപ്‌മെന്റ് സെന്ററിന്റെ മുള്ളൂര്‍ക്കര പഞ്ചായത്തിലെ വാഴക്കോട് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വഴികാട്ടിയായി മുള്ളൂര്‍ക്കരയില്‍ തുടങ്ങുന്ന കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ആരംഭിക്കുന്നത്. വകുപ്പിന്റെ കീഴിലെ എട്ടാമത്തെ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററാണ് മുള്ളൂര്‍ക്കരയിലേത്.

കരിയര്‍ ഇന്‍ഫര്‍മേഷന്‍, ഗൈഡന്‍സ്, കരിയര്‍ കൗണ്‍സിലിംഗ്, കരിയര്‍ ഇന്ററസ്റ്റ് ടെസ്റ്റ്, ഗോള്‍ സെറ്റിംഗ്‌സ്, മോട്ടിവേഷന്‍ ക്ലാസ്സുകള്‍, പ്രി ഇന്റര്‍വ്യൂ പരിശീലനം, വ്യക്തി വികസന പരിപാടികള്‍, മത്സരപരീക്ഷാ പരിശീലനം എന്നീ സേവനങ്ങള്‍ സൗജന്യമായി കരിയര്‍ ഡവലപ്‌മെന്റ് സെന്ററിലൂടെ ലഭ്യമാകും. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം.

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. തങ്കമ്മ, എം.കെ. പത്മജ, കെ. ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സാബിറ, കെ.ആര്‍ മായ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബി.കെ തങ്കപ്പന്‍, കെ.കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ നസീബ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാദിയ അമീര്‍, ഗ്രാമ പഞ്ചായത്ത് അംഗം കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ഡി ഹരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ പി.കെ മോഹനദാസ് പദ്ധതി വിശദീകരണം നടത്തി. മുള്ളൂര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് സ്വാഗതവും തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍.വി സമീറ നന്ദിയും പറഞ്ഞു.