• നടപ്പാക്കിയത് നാല് കോടിയുടെ വികസനങ്ങൾ
  • ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ചാവക്കാട് ഒരുങ്ങി

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്നു. രണ്ടു ഘട്ടങ്ങളിലായി നാല് കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്.മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തമേക്കാൻ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജും ഒരുങ്ങി.നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം.തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്.

ജില്ലയിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്. വിശ്വപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. അതിനാൽ തീർത്ഥാടകർക്കും ഏറേ പ്രിയപ്പെട്ട സഞ്ചാര മേഖല കൂടിയാണിത്.

2016 ലാണ് വിനോദ സഞ്ചാരപാത തുറക്കുന്നതിനായി ചാക്കാട് ബീച്ചിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്.രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രവർത്തനത്തിലൂടെ ബീച്ചിന്റെ മുഖച്ഛായ തന്നെ മാറി.ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 1. 46 കോടി രൂപയും മുൻ എം എൽ എ കെ വി അബ്ദുൽ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 24 ലക്ഷവും അനുവദിച്ചിരുന്നു.

2.50 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട വികസന പദ്ധതികൾ നടപ്പാക്കിയത്. കുട്ടികൾക്കായുള്ള ചിൽഡ്രൻസ് പാർക്കാണ് ഇതിലെ മുഖ്യ ആകർഷണം.