ചാലക്കുടി അഗ്‌നിരക്ഷാ സേനയില്‍ ഫസ്റ്റ് റെസ്പോണ്‍സ് വാഹനമെത്തി. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് പ്രവര്‍ത്തന സജ്ജമാക്കി. ജില്ലയില്‍ മാതൃകപരമായ പ്രവര്‍ത്തനം നടക്കുന്ന സ്റ്റേഷനാണ് ചാലക്കുടി ഫയര്‍ സ്റ്റേഷനെന്നും പ്രളയ കാലത്തും അപകട സാഹചര്യങ്ങളിലും വലിയ സേവന പ്രവര്‍ത്തനങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നും എം.എല്‍.എ പറഞ്ഞു. കൂടാതെ അതിരപ്പിള്ളിയും മലക്കപ്പാറയും ഉള്‍പ്പെടെ വലിയ ഭാഗം തന്നെ കൈകാര്യം ചെയ്യുന്ന രക്ഷാസേനയെ എം.എല്‍.എ അഭിനന്ദിച്ചു.

ജില്ലയിലെ ചാലക്കുടി, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളിലാണ് ഫസ്റ്റ് റസ്‌പോണ്‍സ് വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ചെറിയ റോഡുകളിലും ദുര്‍ഘട പാതകളിലും ഹൈറേഞ്ചിലും, വനമേഖലയിലും എല്ലാം എളുപ്പത്തില്‍ അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇനി സാധിക്കും.

മരങ്ങള്‍ മുറിച്ച് നീക്കുന്നതിനും, വാഹനാപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും സാധിക്കുന്ന ഹൈഡ്രോളിക് കട്ടര്‍, റോപ്പ്, വലിയ കോണികള്‍ തുടങ്ങിയ നൂതന സൗകര്യങ്ങളോടെയാണ് വാഹനം സജ്ജീകരിച്ചിരിക്കുന്നത്. 1500 ലിറ്റര്‍ വെള്ളത്തിന്റെ സംഭരണ ശേഷിയും 300 ലിറ്റര്‍ ഫോഗും സൂക്ഷിക്കാന്‍ സാധിക്കുകയും ഇവ രണ്ടും ഒരേ സമയം പ്രവര്‍ത്തിക്കാനും കഴിയും വിധമാണ് നിര്‍മ്മാണം. 45 ലക്ഷം രൂപ ചിലവിലാണ് അത്യാധുനിക രക്ഷാ പ്രവര്‍ത്തന സൗകര്യങ്ങളോട് കൂടിയ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

ഫ്‌ളാഗ് ഓഫ് കര്‍മ്മത്തില്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ എം.എസ് സുവി, സ്റ്റേഷന്‍ ഓഫീസര്‍ കെ. ഹര്‍ഷ, വാര്‍ഡ് കൗണ്‍സിലര്‍ കെ. എലിസബത്ത്, റിട്ടയേര്‍ഡ് സ്റ്റേഷന്‍ ഓഫീസര്‍ സി.ഒ ജോയ്, മര്‍ച്ചന്റ്സ് അസോസിയേഷന്‍ സെക്രട്ടറി റെയ്സണ്‍ ആലുക്ക, ട്രഷറര്‍ ഷൈജു പുത്തന്‍പുരക്കല്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സി മുരളി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.