വിദ്യാഭ്യാസ യോഗ്യത എന്നതിലുപരി സാങ്കേതികവിദ്യയിലുള്ള അറിവും കഴിവുമാണ് ആവശ്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. 44-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി ചിറ്റൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എ.ഐ വന്നതോടുകൂടി വലിയ മാറ്റങ്ങളാണ് തൊഴില്‍മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. സാങ്കേതികവിദ്യയുടെ കടന്നുവരവിലൂടെ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത്. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ചിറ്റൂരില്‍ നമുക്ക് തുടക്കം കുറിക്കണം. ചിറ്റൂര്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ സ്‌കൂളിന്റെ വികസനത്തിനായി 2.90 കോടി ലഭിച്ചിട്ടുണ്ടെന്നും പുതിയ കോഴ്സുകള്‍ കൊണ്ടുവരാന്‍ വളരെയധികം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. സുജാതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയം ജോയിന്റ് ഡയറക്ടര്‍ ജെ.എസ് സുരേഷ്‌കുമാര്‍, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനീഷ, ചിറ്റൂര്‍-തത്തമംഗലം നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീകുമാര്‍, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബി. പ്രശാന്ത്, എ.ഡി.എം കെ. മണികണ്ഠന്‍, ഡി.എം.ഒയുടെ പ്രതിനിധി രാമന്‍കുട്ടി, കോതമംഗലം റീജിനല്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സോളമന്‍, അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് നാരായണന്‍കുട്ടി, സെക്രട്ടറി പാരിജാക്ഷന്‍, ജി.ടി.എച്ച്.എസ് സൂപ്രണ്ട് കെ.ഡി ജിബു, പി.ടി.എ വൈസ് പ്രസിഡന്റ് ആര്‍. രമേശ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ജനുവരി രണ്ടാം വാരം
സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ജനുവരി രണ്ടാം വാരം ചിറ്റൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചെയര്‍മാനായി 168 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ഫിനാന്‍സ്, പബ്ലിസിറ്റി ആന്‍ഡ് അഡ്വര്‍ടൈസിങ്, രജിസ്‌ട്രേഷന്‍, ഫുഡ്, പ്രോഗ്രാം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് അക്കമഡേഷന്‍, സ്റ്റേജ് ആന്‍ഡ് പവലിയന്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍, വെല്‍ഫെയര്‍, ലോ ആന്‍ഡ് ഓര്‍ഡര്‍, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, ട്രോഫി ആന്‍ഡ് സര്‍ട്ടിഫിക്കറ്റ് സോവിനീര്‍ എന്നിങ്ങനെ 14 കമ്മിറ്റികളാണ് രൂപീകരിച്ചത്.
ഓരോ കമ്മിറ്റികളിലും ചെയര്‍മാനായി ജനപ്രതിനിധികളും വൈസ് ചെയര്‍മാനായി വാര്‍ഡ് ജനപ്രതിനിധികളും കണ്‍വീനറായി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ടുമാരും ജോയിന്‍ കണ്‍വീനറായി അധ്യാപകര്‍/മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 12 അംഗങ്ങള്‍ ഉണ്ടായിരിക്കും. 39 ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ഒന്‍പത് ഐ.എച്ച്.ആര്‍.ഡി ഉള്‍പ്പെടെ 48 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 1500 ഓളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുക.