സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സ്‌പോര്‍ട്‌സ് ആഡംബരമല്ല ആവശ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ശാരീരിക ക്ഷമത, മാനസിക ക്ഷേമം, അത്യാവശ്യ ജീവിത നൈപുണ്യം എന്നിവ പരിപോഷിപ്പിക്കുന്നതില്‍ കായിക ഇനങ്ങള്‍ അവിഭാജ്യ പങ്ക് വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചിറ്റിലഞ്ചേരി എം.എന്‍.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അച്ചടക്കം, സംഘമായ പ്രവര്‍ത്തനം, നേതൃത്വ പാടവം, പ്രതിരോധശേഷി തുടങ്ങിയവ കായിക ഇനങ്ങള്‍ വളര്‍ത്തിയെടുക്കുന്നു. കുട്ടികളുടെ എല്ലാ നിലയിലുള്ള വളര്‍ച്ചക്കും നല്ല വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നതിനും കളിക്കളങ്ങള്‍ അത്യന്താപേക്ഷിതമാണ്. താഴെത്തട്ടില്‍ ഉള്‍പ്പടെ സ്‌പോര്‍ട്‌സ് അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നിക്ഷേപം നടത്തിയിട്ടുണ്ട്.
കായികപ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ എല്ലാ വിഭാഗങ്ങളില്‍നിന്നുള്ള കായിക പ്രതിഭകളുടെയും കായിക പങ്കാളിത്തത്തെ സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമത്വത്തിന്റെയും ഐക്യത്തിന്റെയും ബോധം വളര്‍ത്തുന്നതിന് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കായിക പ്രതിഭകളെ നേരത്തെ കണ്ടെത്തുന്നതിന് വേണ്ട സൗകര്യം സംസ്ഥാനം സജ്ജീകരിക്കുന്നുണ്ട്. ക്രിയാത്മകമായ ഇത്തരം സമീപനം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മികവ് പുലര്‍ത്താന്‍ കായിക താരങ്ങളെ പ്രാപ്തമാക്കുന്നു. പതിവ് കായിക പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാരീരിക ക്ഷേമവും ആരോഗ്യവും വളര്‍ത്തുന്നു. സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരവും അച്ചടക്കമുള്ളതുമായ തലമുറയെ സൃഷ്ടിക്കുന്നതോടൊപ്പം രാജ്യത്തിന് മഹത്വം കൊണ്ടുവരാന്‍ കഴിയുന്ന ഭാവി ചാമ്പ്യന്മാരെ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബജറ്റ് ഫണ്ടില്‍ നിന്ന് 2.13 കോടി ചെലവിലാണ് സ്‌കൂളില്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. മേലാര്‍ക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ജില്ലാ പഞ്ചായത്ത് അംഗം വി. രജനി, മേലാര്‍ക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. മന്‍സൂര്‍ അലി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.