കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായ കുട്ടികളിലെ രോഗനിര്‍ണയ പരിപാടി ബാലമിത്ര 2.0 ജില്ലയിലും തുടങ്ങി. ജില്ലാതലഉദ്ഘാടനം ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ നിര്‍വഹിച്ചു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജേക്കബ് ചടങ്ങില്‍ അദ്ധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.അനില്‍കുമാര്‍ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വികസന സ്ഥിരം സമിതി അധ്യക്ഷ സുശീല, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സെയ്ഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സാജന്‍ മാത്യൂസ്, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ സുരേഷ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ്, പാലത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പത്മകേസരി, ഇളമ്പള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, സ്‌കൂള്‍ ഹെസ്മാസ്റ്റര്‍ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവംബര്‍ 30 വരെയാണ് ക്യാമ്പയിന്‍. ആരോഗ്യ-അങ്കണവാടി പ്രവര്‍ത്തകര്‍, നോഡല്‍ അദ്ധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടെത്തി അംഗവൈകല്യം തടയുകയാണ് ലക്ഷ്യം.

വിവിധ ഔഷധചികില്‍സ, വൈകല്യം ഇല്ലാത്ത സ്ഥിതികൈവരിക്കുക എന്നിവയാണ് ബാലമിത്രയിലൂടെ സാധ്യമാക്കുക. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധന നടത്തും. ചികില്‍സയും ഉറപ്പുവരുത്തും. കുടുംബാംഗങ്ങളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിത-ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്റെ സംഘാടനം.