മലബാർ മേഖലയിൽ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തത്വത്തിൽ തീരുമാനമായി. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂർ ജില്ലയിൽ കണ്ടെത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിച്ചു.

സഫാരി പാർക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികൾക്ക് വേണ്ട നടപടികൾ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങൾ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനും യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പ്രകാരം മലബാർ മേഖലയിൽ നിന്നും പുനരധിവസിപ്പിക്കുന്നതിനായി ലഭിക്കുന്ന കാട്ടാനകളെ സംരക്ഷിക്കുന്നതിനുള്ള സാറ്റലൈറ്റ് സെന്റർ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാൻ മന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, പി.സി.സി.എഫ് ഡി. ജയപ്രസാദ്, (ചീഫ് വൈൽഡ് വാർഡൻ), എ.പി.സി.സി.എഫുമാരായ ഡോ. പി. പുകഴേന്തി, എൽ. ചന്ദ്രശേഖർ, സി.സി.എഫുമാരായ ജസ്റ്റിൻ മോഹൻ, സഞ്ജയൻ കുമാർ, കെ.എസ് ദീപ, കെ.ആർ അനൂപ്, മുഹമ്മദ് ഷബാബ്, പുത്തൂർ സുവോളിക്കൽ പാർക്ക് ഡയറക്ടർ കീർത്തി, പുത്തൂർ സുവോളജിക്കൽ പാർക്ക് & കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സ്പെഷ്യൽ ഓഫീസർ കെ. ജെ. വർഗീസ്, കോഴിക്കോട് ഡി.എഫ്.ഒ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.